വിമാനത്താവളത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്‌തിയെ തടയുമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു കാരണവശാലും തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കില്ല. വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കോടതി, പൊലീസ്,വെടിയുണ്ട എന്നിവയെ നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്. എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്‌ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോലും ഭക്തര്‍ പ്രതിഷേധം നടത്തും.തൃപ്‌തി ദേശായിയെ തിരിച്ചയയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിണറായി വിജയന്‍ തന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *