പത്തനംതിട്ട : വിശ്വാസ സംരക്ഷണ പദയാത്രയ്ക്കിടെ പ്രവര്‍ത്തകരോട് പിണങ്ങി തിരുവഞ്ചൂരിന്റെ ഉപവാസം. ജാഥ ഇലന്തൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ എണ്ണം കുറവായതാണ് തിരുവഞ്ചുരിനെ ചൊടിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ പുല്ലാട്ട് നിന്നും തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ നേതൃത്യത്തില്‍ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രക്ക് ഉച്ചഭക്ഷണം ഇലന്തുര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരുന്നത്.
എന്നാല്‍ ഉച്ചക്ക് 2 മണിയോടെ പദയാത്ര ഇലന്തൂര്‍ സ്റ്റേഡിയത്തിലെത്തുമ്ബോള്‍ 35 ഓളം പ്രവര്‍ത്തകര്‍ മാത്രമാണ് തിരുവഞ്ചുരിനൊപ്പം ഉണ്ടായിരുന്നത്. പഞ്ചായത്ത് സ്റ്റേഡിയത്തിലും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. 1100 ല്‍ അധികം പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും പദ യാത്രക്കൊപ്പം വന്നവരും സ്റ്റേഡിയത്തില്‍ സ്വീകരിക്കാനുണ്ടായിരുന്നതുമായി 50 ല്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് 5 മണി വരെ ഇലന്തുരില്‍ ഉപവസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുടുതല്‍ പ്രവര്‍ത്തകരും നേതാക്കളും എത്തിച്ചേര്‍ന്ന് അദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉപവാസം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് തിരുവഞ്ചുര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകക്ഷി യോഗം പ്രഹസനമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പുല്ലാട് നിന്ന് യാത്രക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും തങ്ങിയതിനാല്‍ ഇലന്തൂരില്‍ 3 ന് എത്തിച്ചേരാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത് കൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
