കാലിഫോര്‍ണിയ: കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 52,000 പേരാണ് അഭയാര്‍ഥിക്യാമ്ബിലെത്തിയിട്ടുള്ളത്. ബന്ധുവീടുകളിലും ഹോട്ടലുകളിലും വാള്‍മാര്‍ട്ട് പാര്‍ക്കിങ് പ്രദേശത്തും അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
