സൗദി അറേബ്യ: കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഖഷോഗിയെ വധിക്കാനായി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഉത്തരവിട്ടുവെന്നാണ് സിഐഎയുടെ കണ്ടെത്തല്‍. സൗദിയുമായി ബന്ധും ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപ് നീക്കത്തിന് റിപ്പോര്‍ട്ട് ശക്തമായ തിരിച്ചടിയാവുകയാണ്. കൃത്യമായ നിഗമനങ്ങളിലൂടെയാണ് ഖഷോഗി വധവും രാജകുമാരനും തമ്മില്‍ ബന്ധമുണ്ടെന്ന് സിഐഎ കണ്ടെത്തിയതെന്നും വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
യുഎസിലെ സൗദി അംബാസഡറായ, സല്മാന് രാജകുമാരന്റെ സഹോദരന് ഖാലിദ് ബിന്‍ സല്മാന് ഖഷോഗിയുമായി നടത്തിയിരുന്ന ഫോണ്‍ സംഭാഷണം അടക്കമുള്ള കാര്യങ്ങള്‍ സിഐഎ അന്വേഷിച്ചിരുന്നു. ഖഷോഗി കൊല്ലപ്പെടും എന്നത് ഖാലിദിന് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഖാലിദ് ഖഷോഗിയെ വിളിച്ചത്. സല്‍മാന്റെ നിര്‍ദ്ദേശമില്ലാതെ ഇത്തരമൊരു വധം നടക്കില്ല എന്ന് യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഖഷോഗി വധവുമായി ബന്ധപ്പെട്ട ഓഡിയോ കൈമാറിയിട്ടുണ്ട് എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന് പറഞ്ഞത്.
ഖഷോഗിയെ വധിച്ച സൗദി ഹിറ്റിങ് സ്ക്വാഡിലെ അംഗം എന്ന് കരുതുന്ന മാഹര്‍ മുത്രെബ് വധത്തിന് ശേഷം കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍കോള്‍ നടത്തിയതായി പറയുന്നു. സല്‍മാന്റെ വിശ്വസ്തനാണ് മുത്രെബ്. വിളിച്ചത് സല്‍മാന്റെ മറ്റൊരു വിശ്വസ്തനായ സൗദ് അല്‍ ഖത്താനിയെ. ഓപ്പറേഷന് പൂര്‍ത്തിയായതായി അറിയിച്ചു. കൊലപാതകം നടന്ന ദിവസം മുത്രെബ് കോണ്‍സുലേറ്റിനുള്ളിലേയ്ക്ക് പോയതായും പുറത്തുകടന്നതായും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
രേഖകള്‍ക്കായി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പോകാന്‍ ഖാലിദ് ഖഷോഗിയോട് നിര്‍ദ്ദേശിക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍ പോകുന്നത് പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്ന് ഖാലിദ് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം തുര്‍ക്കിയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് യാതൊരു കാര്യവും ഖാലിദ് ഖഷോഗിയുമായി സംസാരിച്ചിട്ടില്ല എന്നാണ് യുഎസിലെ സൗദി എംബസി വക്താവ് ഫാത്തിമ ബേഷന് പറഞ്ഞത്. സിഐഎയുടെ നിഗമനം തെറ്റാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളാണ് ഇവയെന്നും സൗദി വക്താവ് പ്രതികരിച്ചു.
ഖഷോഗി വധത്തിന് പിന്നില്‍ സല്‍മാനാണ് എന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിസന്ധിയിലാക്കുകയാണ്. സല്‍മാനുമായി ട്രംപും ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജെറാര്‍ഡ് കുഷ്നറും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. സല്‍മാനെതിരായ ആരോപണങ്ങളില്‍ ട്രംപ് മൃദു സമീപനം പുലര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സല്മാന് തന്നെയാകാം കൊലയ്ക്ക് പിന്നില്‍ എന്നും പിന്നീട് ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരായ നീക്കങ്ങള്‍ക്ക് സല്മാന് സൗദിയില്‍ അധികാരത്തില്‍ തുടരേണ്ടത് ആവശ്യമാണ് എന്നാണ് ട്രംപിന്റെ നിലപാട്.
