‘തള്ളാന്‍ ഞാന്‍ മിടുക്കനല്ലേ’ : കുഴിയില്‍ വീണ വാഹനം തള്ളിക്കയറ്റി മന്ത്രി കണ്ണന്താനം

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനിടെ നിലയ്‌ക്കലില്‍ ഭക്തര്‍ക്ക് ഉപയോഗിക്കാനായി നിര്‍മിച്ച ശുചിമുറികള്‍ വൃത്തിയാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരസ്യമായി ശാസിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത് എന്നാല്‍ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കിടെ ചെളിയില്‍ പുതഞ്ഞ തന്റെ വാഹനം തള്ളിക്കയറ്റുന്ന മന്ത്രിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

യാത്രയ്‌ക്കിടെ വാഹനം കുഴിയില്‍ പെട്ടതോടെ മന്ത്രിക്കുപ്പായം തത്കാലത്തേക്ക് ഊരിവച്ച്‌ കണ്ണന്താനം പുറത്തേക്ക് ഇറങ്ങി മറ്റുള്ളവര്‍ക്കൊപ്പം വണ്ടി തള്ളിക്കയറ്റുകയായിരുന്നു.മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം കൂടെയുള്ളവരോട് ചോദിച്ചു. ശബരിമലയിലെ അസൗകര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമലയെ സര്‍ക്കാര്‍ സംഘര്‍ഷ ഭൂമിയാക്കി മാറ്റിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. അയ്യപ്പഭക്തരോട് ഇത്തരത്തില്‍ പെരുമാറാന്‍ അവര്‍ തീവ്രവാദികളല്ല. എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയതെന്ന് പരിശോധിക്കണം. കേരളം പൊലീസ് ഭരണത്തിന് കീഴിലാണെന്ന പ്രതീതിയാണുള്ളത്. നാമജപം നടത്തി പ്രതിഷേധിക്കുന്നതിനാണ് ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തില്‍ നടക്കുന്ന കാര്യമല്ല.

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുന്‍പിലാണുള്ളത്. അതില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സന്ദര്‍ശനമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *