കൊച്ചി: ശബരിമല സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കിയത് ആര്‍എസ്എസുകാരാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. നാമജപത്തിന്റെ പേരില്‍ ആസൂത്രിത അക്രമമാണ് നടന്നത്. ശബരിമലയില്‍ പൊലീസ് പരിധിവിട്ട് ഇടപെട്ടിട്ടില്ല. വിശ്വാസികള്‍ക്ക് അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്, യാതൊരു ബുദ്ധിമുട്ടും വിശ്വാസികള്ക്കുണ്ടാകില്ലെന്നും എജി കോടതിയില്‍ പറഞ്ഞു.
നടപ്പന്തലില്‍ ആര്‍എസ്എസുകാര്‍ പ്രശ്നമുണ്ടാക്കി. ഇവരാണ് പിടിയിലായത്. ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എജി കോടതിയില്‍ പറഞ്ഞു. ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് എത്തിക്കാന്‍ നിര്‍ദേശിച്ചുള്ള ബിജെപിയുടെ രഹസ്യ സര്‍ക്കുലറും എജി കോടതിയില്‍ ഹാജരാക്കി.
ഇതോടെ അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. യഥാര്‍ത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കാതെ അറസ്റ്റുള്‍പ്പെടെയുള്ള പൊലീസ് നിയന്ത്രണങ്ങള്‍ തുടരാം. അറസ്റ്റല്ല പരിഗണനാ വിഷയം. സമയക്രമത്തിലെ ന്യാമമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.ദര്‍ശനം കഴിഞ്ഞവര്‍ മലയിറങ്ങണം. അല്ലാതെ മറ്റുള്ളവര്‍ക്ക് സൗകര്യം കിട്ടില്ല. രാഷ്ട്രീയപാര്ട്ടീകള് പൊലീസ് ക്രമീകരണങ്ങളോട് സഹകരിക്കണം. വൃദ്ധര്‍ക്കും കുട്ടികള്‍ക്കും പരിഗണന വേണം. നെയ്യഭിഷേക ടിക്കറ്റ് എടുത്തവര്‍ക്ക് അതിന് സൗകര്യം വേണം. കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തരുതെന്നും കോടതി പറഞ്ഞു.
എജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും വെള്ളിയാഴ്ച്ച ദേവസ്വം ബോര്‍ഡും പൊലീസ് മേധാവിയും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
