തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും എന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയ്ക്ക് അനുവദിച്ച കേന്ദ്രഫണ്ട് സംബന്ധിച്ച് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും പദ്മകുമാര്‍ തുറന്നടിച്ചു. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, വെറും ആറു കോടി രൂപ മാത്രമാണ് അനുവദിച്ചത്. തന്നത് 1.23 കോടി. അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കണ്ണന്താനം രാഷ്ട്രീയം കാണരുതെന്നും പത്മകുമാര്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങളാണു നടക്കുന്നതെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയോ സംഭവനയോ നല്‍കരുതെന്ന് പറയുന്നവര്‍ 1,258 ക്ഷേത്രങ്ങളെ ഇതു ബാധിക്കുമെന്ന് ഓര്‍ക്കണമെന്നും പദ്മകുമാര്‍ ഓര്‍മപ്പെടുത്തി. 12,000 ജീവനക്കാര്‍ ദേവസ്വം ബോര്‍ഡിലുണ്ട്. അത്രയും ഹൈന്ദവ കുടുംബങ്ങളെ പ്രശ്‌നം ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ ഓര്‍ക്കണമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
