തിരുവനന്തപുരം: നിയമ നിര്‍മ്മാണത്തിനായി മാറ്റിവെച്ച് പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 27ന് ആരംഭിച്ച് ഡിസംബര്‍ 13ന് അവസാനിക്കും. ഈ കാലയളവില്‍ 13 ദിവസം സഭചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിവസമായി 27ന് രാവിലെ, നിലവില്‍ സഭാഗമായിരുന്ന പി.ബി. അബ്ദുള്‍ റസാക്കിന്റെ നിര്യാണം സംബന്ധിച്ച ചരമോപചാരം അര്‍പ്പിച്ച് അന്നത്തേക്ക് സഭപിരിയും.
നിലവില്‍ 13 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ പരമാവധി വേഗത്തില്‍, നിയമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിനോട് നിയമസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 5 ബില്ലുകള്‍ ഇതിനോടകം തയ്യാറായിട്ടുണ്ട്. 28, 29 തീയതികളിലാണ് സുപ്രധാന അഞ്ച് ബില്ലുകള്‍ ബന്ധപ്പെട്ട സബ്ജക്‌ട് കമ്മിറ്റികളുടെ പരിശോധനയ്ക്കായി അയയ്ക്കണമെന്ന പ്രമേയങ്ങള്‍ പരിഗണിക്കുക. 2018ലെ കേരള മുന്‍സിപ്പാലിറ്റി (മൂന്നാം ഭേദഗതി)ബില്‍, 2018ലെ കേരള പഞ്ചായത്ത്രാജ് (മൂന്നാം ഭേദഗതി) ബില്ല്, 2018ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) ബില്‍ എന്നിവ 28ന് പരിഗണിക്കും.
29ന് 2018ലെ കേരള പൊലീസ് (ഭേദഗതി) ബില്‍, 2018-ലെ കോഴിക്കോട് സര്‍വ്വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവയാണ് അവതരിപ്പിക്കുക. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ 10ന് നടക്കും. നിയമനിര്‍മ്മാണത്തിനായി നീക്കിവെച്ചിട്ടുള്ള മറ്റ് ദിവസങ്ങളില്‍ കാര്യോപദേശകസമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
