നിലപാട് മയപ്പെടുത്തി സി.പി.എം: ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം

ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിര്‍ണായക നീക്കം. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മ‌കുമാറുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചര്‍ച്ച നടത്തിയതായാണ് വിവരം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നിലപാട് സ്വീകരിക്കേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ.

ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനികളായ രേഷ്‌മ നിശാന്ത്, ഷനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സാവകാശ ഹര്‍ജിയിലെ തീരുമാനം വരെ ഇക്കാര്യത്തില്‍ സാവകാശം വേണമെന്നായിരിക്കും ദേവസ്വം ബോര്‍ഡ് നിലപാടെടുക്കുക എന്നാണ് വിവരം.

ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്തിരിക്കെ, പ്രതിഷേധക്കാരുടെ ആക്രമണം നേരിടേണ്ടി വന്നെന്നും വീടിനു നേരെ ആക്രമണമുണ്ടായെന്നും ഹര്‍ജിക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുനനു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനോട് സര്‍ക്കാരും യോജിപ്പ് അറിയിച്ചു. എന്നാല്‍ യുവതീ പ്രവേശനം തടഞ്ഞതിനെതിരായ വിധിയില്‍ പുരുഷന്മാരെ മാറ്റി നിറുത്തി പരിഹാരം തേടുന്നതിനോടു യോജിപ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. സ്ത്രീകളെ പ്രശ്നങ്ങളിലേക്ക് തള്ളിയിടാന്‍ കോടതിക്ക് കഴിയില്ല. കക്ഷികള്‍ തമ്മിലുള്ള യുദ്ധത്തില്‍ ദൈവത്തെ വലിച്ചിഴയ്ക്കരുത്. എല്ലാവരും ശാന്തരാകണം. ഒരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം നടപ്പാക്കുമ്ബോള്‍ മറ്റൊരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *