ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു.
ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്ബരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഉറപ്പ് പാഴായി. കണ്ണൂര്‍ കീഴാറ്റൂരിലെ ബൈപാസ് അലൈന്‍മെന്റ് മാറ്റാന്‍ സാധ്യത കുറവാണെന്നു സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. പുതിയ അലൈന്‍മെന്റ് ഉണ്ടാക്കുന്നതു ദേശീയപാതാ വികസനം സ്തംഭിപ്പിക്കുമെന്ന കേരളത്തിന്റെ ആശങ്ക ദേശീയപാതാ അതോറിറ്റി മേധാവികള്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതുമാണ്. അലൈന്‍മെന്റ് മാറ്റാന്‍ സാധ്യതയില്ലെന്നാണു കേന്ദ്രം അനൗദ്യോഗികമായി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബിജെപി നേതാക്കളുമായും കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളുമായും ചര്‍ച്ച നടത്തിയതു വിവാദമായിരുന്നു.
അലൈന്‍മെന്റ് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നേരത്തേ തന്നെ നിതിന്‍ ഗഡ്കരിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം മന്ത്രി സമരസമിതിയുമായുള്ള ചര്‍ച്ചയിലും ചൂണ്ടിക്കാട്ടി. കേരളത്തില്‍ ദേശീയപാതാ വികസനം മുടങ്ങിക്കിടക്കുന്നതിന്റെ പ്രയാസങ്ങളും പങ്കുവച്ചു. പ്രായോഗികമായ എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണു ജനജീവിതത്തെ ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കുന്ന ഈ അലൈന്‍മെന്റ് നിശ്ചയിച്ചത് എന്നാണ് അതോറിറ്റിയുടെ നിലപാട്.
90 മീറ്റര്‍ വീതിയുള്ള കീഴാറ്റൂര്‍ നെല്‍വയല്‍ കീറിമുറിച്ച് 45 മീറ്റര്‍ വീതിയില്‍ നാല്‌വരി പാതയാണ് വരുന്നത്. വയല്‍ നികത്തി റോഡ് പണിയുന്നതിന് വേണ്ടി ഏതാണ്ട് 10 ലക്ഷം ടണ്‍ മണ്ണ് വേണ്ടിവരുമെന്നാണ് കണക്ക്. വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ആദ്യം സി.പി.എം ആരംഭിച്ച പ്രതിഷേധം പിന്നീട് നാട്ടുകാര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പിന്നീടിത് സി.പി.എം നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായതോടെയാണ് സംസ്ഥാനത്ത് തന്നെ ശ്രദ്ധനേടുന്നത്.
പരിസ്ഥിതി സംഘടനകളും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും ബി.ജെ.പി മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ വാക്ക് വിശ്വസിച്ച് കേന്ദ്ര സര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വയല്‍ക്കിളികളും നാട്ടുകാരും.
സമരനായകരായ സുരേഷ് കീഴാറ്റൂര്‍, നമ്ബ്രാടത്ത് ജാനകി എന്നിവരുള്‍പ്പെടുന്ന സംഘത്തെ ഡെല്‍ഹിയിലെത്തിച്ച് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വിദഗ്ധ പരിസ്ഥിതി സമിതിയെ കൊണ്ടുവരാനും ബി.ജെ.പിയുടെ ശ്രമംകൊണ്ട് സാധിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന സമരം നിഷ്ഫലമാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്.
ആദ്യം സി.പി.എം ജനങ്ങളെ വഞ്ചിച്ചുവെങ്കില്‍, പിന്നീട് കൊണ്ടുനടന്ന ബി.ജെ.പിയും തങ്ങളെ പെരുവഴിയിലാക്കി എന്നാണ് വയല്‍കിളികള്‍ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികളാണെന്ന് സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. തെറ്റായ വികസന നയത്തിനെതിരെ പോരാടി പരാജയപ്പെട്ടവര്‍ എന്ന് പറഞ്ഞ് വയല്‍ക്കിളികളെ പരിഹസിച്ചാലും ഈ പോരാട്ടത്തില്‍ തിരിച്ചറിഞ്ഞ അറിവുകളുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളില്ലെങ്കില്‍ പ്രളയമാണ് എന്ന ധാരണയില്ല
”ഇനി ഞങ്ങളും ഞങ്ങളെ പോലുള്ളവരുടെ തലമുറകളും ആ തിരിച്ചറിവിന്റെ ബലത്തില്‍ മുന്നോട്ട് പോകാന്‍ ശക്തരാണ്. നിങ്ങളില്ലെങ്കില്‍ പ്രളയമാണ് എന്ന ധാരണ ഞങ്ങള്‍ക്ക് ഒട്ടും ഇല്ല. പരാജയപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ വിജയികളുടെ ആഹ്ലാദം അതിഭയങ്കരമായേക്കാം. പക്ഷെ ഓര്‍ക്കുക, പരാജിതരുടെ എണ്ണമാണ് കൂടുതല്‍.’
