കോട്ടയം: പി.സി. ജോര്‍ജിന്റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ജോര്‍ജിന്റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന് ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.
ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. പി.സി. തോമസ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആ സീറ്റ് ജോര്‍ജ് ആവശ്യപ്പെടില്ല.
അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ സ്വീകരിച്ച നിലപാടിന് ലഭിച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജോര്‍ജ് ബിജെപി നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
