സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികള്‍ നാമം ജപിച്ചാല്‍ അക്രമികള്‍ അല്ലാതാകുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കും. ശബരിമലയില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചത് പുതിയ കാര്യമല്ല.ശബരിമലയില്‍ ഹൈക്കോടതി ഇടപെടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. 52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ശബരിമല സന്നിധാനത്തു പ്രതിഷേധം അക്രമാസക്തമായപ്പോള്‍, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയായികള്‍ക്കു നിര്‍ദേശം നല്‍കണമെന്നും പ്രതിഷേധക്കാരെ ശാന്തരാക്കണമെന്നും ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ആര്‍എസ്‌എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബി.ജെ.പി ആര്‍എസ്‌എസ് നേതാക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചിരുന്നു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച്‌ സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് തിരിച്ചടിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ശബരിമല പ്രശ്‌നത്തില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. സ്പീക്കറുടെ ഡയസിലേക്ക് ഐ.സി.ബാലകൃഷ്ണനും അന്‍വര്‍ സാദത്തും കയറാന്‍ ശ്രമിച്ചു. ഹൈബി ഈഡനും കെ.എം.ഷാജിയും ഇവരെ ബലം പ്രയോഗിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ എന്താണ് നടക്കുന്നത്, ഇങ്ങിനെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *