കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രചരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വീടുകള്‍ കയറിയുളള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുളളത്. മണ്ഡലത്തിന് പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയതില്‍ മുസ്ലീം ലീഗില്‍ തന്നെ അതൃപതി ഉടലെടുത്തിരുന്നു. ലീഗിലെ ഒരു വിഭാഗം ഈ വിഷയം ഉന്നയിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതോടെ മുസ്ലീം ലീഗ് സിറ്റിംഗ് സീറ്റുകൂടിയായ മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗ് നടത്തുന്നത്. നിലവിലെ എം എല്‍ എയെ കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് വന്നതോടെയാണ് പുതുമുഖം കൂടിയായ മുസ്ലീം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റും കാലികറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡികേറ്റ് അംഗം കൂടിയായ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് നറുക്ക് വീണത്. ഇതിനോടകം തന്നെ ആബിദ് ഹുസൈന്‍ തങ്ങള്‍ ഗ്രഹസമ്പര്‍ക്ക പരിപാടിയുമായി ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ഇടത്പക്ഷത്തിനാകട്ടെ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇടത് മുന്നണിയില്‍ സി പി ഐ എമ്മിനാണ് കോട്ടയ്ക്കല്‍ മണ്ഡലം ലഭിച്ചിട്ടുളളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കളത്തിറക്കാനാണ് സി പി ഐ എം ശ്രമം നടക്കുന്നത്. എന്നാല്‍ മുസ്ലീം ലീഗ് പ്രചരണ രംഗത്ത് ഏറെ മുന്നോട്ട് പോയിരിക്കുകയാണ് . സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടാനുളള ശ്രമമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
