ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹറിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. ഇവിടെ 25 പശുക്കളുടെ ശവം കണ്ടെത്തിയിരുന്നു. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മരിച്ച മറ്റൊരാള്‍ പ്രദേശവാസിയാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുബോധിന്റെ മരണത്തിനു കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ സുബോധിനു നേരെ ജനക്കൂട്ടം വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുബോധിന്റെ മരണത്തില്‍ വിശദമായ അന്വേഷണവും പോസ്റ്റ്മോര്‍ട്ടവും നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. വീഡിയോയില്‍ കാണുന്ന ആളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുകയാണ്.
പശുവിനെ കൊന്നതും ജനക്കൂട്ടത്തിന്റെ ആക്രമണവും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിനു രൂപം നല്കി. ബുലന്ദ്ഷഹറില്‍ സമാധാനാന്തരീക്ഷം തിരിച്ചുപിടിച്ചെന്ന് പോലീസ് അവകാശപ്പെടുന്നു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ അഞ്ചു കന്പനി, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ആറു കന്പനികള്‍ എന്നിവയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ അക്രമണം ആരംഭിച്ചത്. ഇവിടെ വനമേഖലയില്‍ പശുക്കളുടെ ജഡാവശിഷ്ടം തള്ളിയതായിരുന്നു കാരണം. ഉടന്‍തന്നെ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഒരു സമുദായത്തിലെ അംഗങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു റോഡ് തടഞ്ഞു. ഇത് തുറന്നുനല്‍കാന്‍ ശ്രമിക്കവെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്.
വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികളുടെ നിയന്ത്രണം അക്രമികളുടെ കൈയില്‍ വന്നുചേര്‍ന്നു. ചിംഗ്രാവതി പോലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടറുകള്‍ അക്രമികള്‍ കൈക്കലാക്കി. പോലീസ് പോസ്റ്റ് തീവച്ചു. മോട്ടോര്‍ ബൈക്കുകളും മറ്റു വാഹനങ്ങളും കലാപക്കാര് അഗ്നിക്കിരയാക്കി. ഇതിനിടെയാണ് സുബോധ് സിംഗ് കൊല്ലപ്പെടുന്നത്.
