കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നാവികസേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ബില്ല് സമര്‍പ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള.
നാവികസേനാംഗങ്ങള്‍ക്ക് ലഭിച്ച പരിശീലനമായാണ് പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളെ കാണുന്നത്. തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുക മാത്രമായിരുന്നുവെന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പതിനേഴായിരത്തിലധികം ആളുകളെയാണ് നാവികസേന പ്രളയത്തില്‍ രക്ഷപെടുത്തിയത്. ഇരുപത് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 91 ടീമികളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനങ്ങള്‍. 91 ഓഫീസര്‍മാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാന്‍ഡന്റ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടത്തിയതിനു വ്യോമസേന 33.79 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
