കെ കെ രമ വടകരയില്‍

കോഴിക്കോട്: ആര്‍ എം പി നേതാവ് കെ കെ രമ വടകരയില്‍. ആര്‍ എം പിയുടെ സ്വാധീന മേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ഒടുവിലാണ് മല്‍സരിക്കാന്‍ രമ തയ്യാറെടുക്കുന്നത്. ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 25നുണ്ടാകും.

സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കെകെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. പാര്‍ട്ടിക്ക് ജയസാധ്യത ഏറെയുണ്ടെന്ന കണക്കുകൂട്ടലാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ കാരണം . 2011 ല്‍ 10,098 വോട്ടുകളാണ് ആര്‍ എം പി ക്ക് വടകരയില്‍ ലഭിച്ചത്.

ഇത്തവണ ഇരുമുന്നണികളിലെയും ജനതാപാര്‍ട്ടികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടുമറിയുമെന്നാണ് ആര്‍എംപി നേതൃത്വം കണക്ക് കൂട്ടുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജെഡിയുവിലും, ജനതാദള്‍ എസ്സിലും ഭിന്നത വര്‍ധിച്ച സാഹചര്യം മുതലെടുക്കാനായാല്‍ ആര്‍എംപിക്കിവിടെ മികച്ച വിജയം കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. രമയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാമാകുമെന്നും അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കാനാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

കൃത്യമായ രാഷ്ട്രീയം ഉയര്‍ത്തി പിണറായി വിജയനെതിരെ ധര്‍മടത്തും കെ കെ ലതികക്കെതിരെ കുറ്റിയാടി മണ്ഡലത്തിലും ആര്‍ എം പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും. കോഴിക്കോട് നോര്‍ത്ത്, അഴീക്കോട്, ബാലുശ്ശേരി മണ്ഡലങ്ങളിലും തങ്ങളുടെ ശക്തി പരിഗണിക്കാവുന്ന നിര്‍ദേശം ആര്‍ എം പി ഉയര്‍ത്തും.

Leave a Reply

Your email address will not be published. Required fields are marked *