ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലിനെകുറിച്ച്‌ അന്വേഷണം ; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലിനെകുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ ശശാങ്ക് ദേവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായെന്നായിരുന്നു ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ആരോപണം. സുപ്രീം കോടതിയില്‍നിന്നു വിരമിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി 12നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ചെലമേശ്വര്‍, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണം ഉന്നയിച്ചത്.

ഇക്കാര്യം ദീപക് മിശ്രയുമായി താന്‍ അടങ്ങുന്ന സംഘം സംസാരിച്ചു. സുപ്രീംകോടതി നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ചതെന്നും അതേത്തുടര്‍ന്നാണ് തങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *