പ്രസിഡന്റ് രാഹുലിന് പിറന്നാള്‍ സമ്മാനം, ഇത് കോണ്‍ഗ്രസിന്റെ ഉയിര്‍പ്പ്

ന്യൂഡല്‍ഹി: പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച്‌ മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്ബോള്‍ തന്നെ ചരിത്ര വിജയം നേടാനായതും ശ്രദ്ധേയമാണ്.

അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് ശേഷം ബി.ജെ.പി തരംഗത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ച്‌ വരുന്നതിന്റെ ശക്തമായ സൂചന കൂടിയാണ് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്. നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാന്‍ തക്ക നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.എന്നാല്‍ തങ്ങളുടെ ഭരണം നിലനിന്നിരുന്ന മിസോറാമില്‍ അടിപതറിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം വരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് പോലെയുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ എ.ഐ.സി.സി നിരീക്ഷക സംഘത്തെ എല്ലാ സംസ്ഥാനങ്ങിലേക്കും കേന്ദ്രനേതൃത്വം അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പി തന്ത്രം തന്നെയാണ് ഇവിടെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മദ്ധ്യപ്രദേശില്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *