അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വീട്ടില്‍ എപ്പോഴൊക്കെയാണ് ആളുണ്ടാവുന്നതെന്നും സ്ത്രീ തനിച്ചാവുന്നതെന്നും ഇവര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ മോഷണം നടത്താന്‍ തയ്യാറായത്.
സംഭവ ദിവസം സ്ത്രീ ഉറങ്ങുമ്ബോഴാണ് ഇവര്‍ വീടിനുള്ളില്‍ കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം രക്ഷപെടാന്‍ ശ്രമിക്കവെ കൂട്ടത്തിലൊരാളുടെ കൈ തട്ടി മേശപ്പുറത്തിരുന്ന സാധനങ്ങള്‍ താഴെ വീഴുകയും സ്ത്രീ ഉണരുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ മറ്റാരോ കടന്നിട്ടുണ്ടെന്ന് മനസ്സിലാക്കി ഉറക്കെ നിലവിളിക്കുകയായിരുന്നു. മറ്റുള്ളവര്‍ എത്തുമെന്ന ഭീതിയില്‍ ഇവര്‍ സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
