ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. മിസോറമില്‍ ഭരണം നഷ്ടമായെങ്കിലും രാജസ്ഥാനും ഛത്തീസ്ഗഢും തിരിച്ചുപിടിച്ചാണ് കോണ്‍ഗ്രസ് കരുത്ത് കാട്ടിയത്. മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത ഇവിടെ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് കോണ്‍ഗ്രസ് 110ഉം ബിജെപിയും 109ഉം സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. ഇതോടെ എസ്.പി, ബി.എസ്.പി പാര്‍ട്ടികളുടെ പിന്തുണ മധ്യപ്രദേശില്‍ നിര്‍ണായകമായിട്ടുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂടമി സഖ്യത്തെ തകര്‍ത്തെറിഞ്ഞ് ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മിസോറമില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി എം.എന്‍.എഫ് അധികാരത്തിലെത്തും. പ്രമുഖ നേതാക്കളായ വസുന്ധരരാജെ, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, അജിത് ജോഗി, ചന്ദ്രശേഖരറാവു എന്നിവരൊക്കെ ജയം ഉറപ്പാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷനല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു.
