ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങിയ അദ്ധ്യാപികയെ കണ്ടെത്തി

തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ കരമന പൊലീസ് കണ്ടെത്തി. ഒരുമാസം മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കണ്ണൂര്‍ തളിപ്പറമ്ബില്‍ വച്ചാണ് പിടികൂടിയത്.


സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ച ആട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്ബിലുണ്ടെന്ന് കണ്ടെത്തിയത്.

ഇവര്‍ അവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. തളിപ്പറമ്ബ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്‌തു. കരമന സബ്‌ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ അഡിഷണല്‍ എസ്.ഐ വിമല്‍, എ.എസ്.ഐ മധുമോഹന്‍, എസ്.സി.പി.ഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ തിരോധാനത്തിനിടെ ഇവരുടെ ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കാല്‍പാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *