മലപ്പുറം: വേലുക്കുട്ടി ആശാരി പി അബ്ദുല്‍ഹമീദ് മാസ്റ്ററെ തേടിയെത്തി. തെരഞ്ഞെടുപ്പിനു കെട്ടിവെക്കാന്‍ വിഹിതം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ആയിരത്തിലധികം വീടുകള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മവും സ്ഥല നിര്‍ണയവും നടത്തിയ മോങ്ങം നല്ലേങ്ങല്‍ വേലുക്കുട്ടിക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലായിരുന്നു. ഈ ദു:ഖം തളംകെട്ടി ജീവിക്കുന്നതിനിടെയാണ് മുസ്‌ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയില്‍ വേലുക്കുട്ടിക്ക് വീട് ലഭിച്ചത്. പദ്ധതിയുടെ നായകനായ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന വിവരം പത്രങ്ങളിലൂടെ അറിഞ്ഞാണ് വേലുക്കുട്ടി അബ്ദുല്‍ഹമീദിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പ്രദേശത്തെ മുസ്‌ലിംലീഗ് നേതാക്കളെ സമീപിച്ചത്. കാലത്ത് അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ വീട്ടില്‍ ചെന്നു. തുടര്‍ന്ന് ഹമീദ് മാസ്റ്റര്‍, മോങ്ങത്തെ ലീഗ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം പാണക്കാട്ടേക്ക് തിരിക്കുകയായിരുന്നു.
പാണക്കാട് വെച്ച് വേലുക്കുട്ടി അരയില്‍ കരുതിയ കവര്‍ ഹൈദരലി തങ്ങള്‍ക്ക് കൈമാറുകയും ഇത് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള വിഹിതമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി. കെപിഎ മജീദ്, എംപി അബ്ദുസമദ് സമദാനി. പിവി അബ്ദുല്‍വഹാബ് എംപി. തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. മോങ്ങത്തെ സികെ മുഹമ്മദ്, മുഹമ്മദലി എന്ന നാണി, സികെ അഷ്‌റഫ് എന്ന കുഞ്ഞിമോന്‍, കെ ഉണ്ണി അലി. അന്‍വര്‍ മുള്ളമ്പാറ എന്നിവരും കൂടെയുണ്ടായിരുന്നു.
