മലപ്പുറം: ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുമ്പോള്‍ മലപ്പുറത്ത് പ്രഖ്യാപിച്ച ലീഗ് സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന്റെ ആദ്യ ഘട്ടം കടക്കുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കി ലീഗ് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ജില്ലയിലെ ഇടതുമുന്നണി തിരുവനന്തപുരത്ത് നിന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കാക്കുയാണ്. ജില്ലയിലെ ലീഗ് സ്ഥാനാര്‍ഥികള്‍ മതസ്ഥാപന മേധാവികളടക്കമുള്ള പ്രമുഖരെയെല്ലാം കണ്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തില്‍ സീറ്റ് ഉറപ്പിച്ച പ്രമുഖ സ്വതന്ത്രര്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന ചടങ്ങ് വൈകുന്നതില്‍ ഇടതു സ്വതതന്ത്രര്‍ അസംതൃപ്തരാണ്. വെള്ളിയാഴ്ചയെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ ഇടതു സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമെന്ന പ്രതീക്ഷ ജില്ലയില്‍ ഇടതു സ്ഥാനാര്‍ഥി കുപ്പായമിടാന്‍ തയ്യാറായ നേതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ മറ്റു ചില ജില്ലകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച എങ്ങുമെത്താത്തത് തങ്ങളെ ബാധിക്കുന്നുവെന്ന ആശങ്കയിലാണ് ജില്ലയിലെ ഇടതിനായി കണ്ടെത്തിയ സ്ഥാനാര്‍ഥികള്‍ക്കുള്ളത്.
മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ഇടതു മുന്നണിക്കകത്ത് രൂക്ഷമായ അഭിപ്രായ ഭിന്നത തുടരുകയാണ്. 2006ല്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി പ്രൊഫ. എ പി അബ്ദുല്‍ വഹാബും 2011 ല്‍ സി പി ഐയുടെ പ്രൊഫ. പി ഗൗരിയുമായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ മണ്ഡലത്തിന് സി പി എം ആവശ്യമുന്നയിച്ചിട്ടുണ്ട്. പകരം മങ്കട പോലുള്ള വിജയ സാദ്ധ്യതയുള്ള മണ്ഡലം വേണമെന്നാണ് സി പി ഐയുടെ ആവശ്യം. ഇതിന് തയ്യാറല്ലെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലം സി പി ഐക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. മഞ്ചേരിയില്‍ സി പി ഐ മത്സരിക്കുന്ന പക്ഷം സ്ഥാനാര്‍ത്ഥിയായി കൊണ്ടോട്ടി നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ കെ സമദിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
മണ്ഡലം സി പി എമ്മിന് ലഭിക്കുകയാണെങ്കിലും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. അഞ്ചോളം പേരുകളാണ് ഇവിടെ സ്ഥാനാര്‍ത്ഥി കുപ്പായമിട്ടിട്ടുള്ളത്. സി പി എം ഏരിയാ സെന്റര്‍ അംഗവും കേരള ബാര്‍കൗണ്‍സില്‍ മുന്‍ചെയര്‍മാനുമായ അഡ്വ. സി ശ്രീധരന്‍ നായര്‍, മുന്‍നഗരസഭാ ചെയര്‍മാന്‍ അസൈന്‍ കാരാട്ട്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത്, ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം നിസാറലി എന്ന കുട്ട്യാന്‍ എന്നിവര്‍ക്കൊപ്പം മുന്‍മന്ത്രി ടി കെ ഹംസയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മാര്‍ച്ച് 19ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കമ്മറ്റിയില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. അതിനുമുമ്പ് ജില്ലാ കമ്മറ്റി ഏരിയാ കമ്മറ്റിയുടെ അഭിപ്രായമാരാഞ്ഞ ശേഷം റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് സമര്‍പ്പിക്കും.
2006 ല്‍ 15372 വോട്ടിനും 2011 ല്‍ 29079 വോട്ടിനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട മഞ്ചേരി മണ്ഡലത്തിന് ഇത്തവണ സി പി എം അവകാശവാദമുന്നയിക്കുന്നതിന് കാരണങ്ങള്‍ പലതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ ധൃതിപിടിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ അസംതൃപ്തരായ ഒരു വലിയ വിഭാഗം ലീഗിനകത്തുണ്ട്. ഘടക കക്ഷിയായ കോണ്‍ഗ്രസ്സിനകത്തും ഒരു വിഭാഗം സ്ഥാനാര്‍ത്ഥിയോട് വിയോജിപ്പുള്ളവരുണ്ട്. ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കരപറ്റിക്കാമെന്ന് സി പി എം പ്രതീക്ഷിക്കുന്നു. 26ന് മഞ്ചേരിയില്‍ കാന്തപുരം എ പി അബുബക്കര്‍ മുസ്ല്യാര്‍ പ്രഖ്യാപിക്കുന്ന കേരള മുസ്ലിം ജമാഅത്ത് നയ പ്രഖ്യാപനം തങ്ങള്‍ക്കനുകൂലമായേക്കുമെന്നും സി പി എം പ്രതീക്ഷിക്കുന്നു.
ജില്ലയിലെ ഇതര മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായി തുടരുകയാണ്. വണ്ടൂരില്‍ അഡ്വ. വാസു, തുവ്വൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ നിഷാന്ത് എന്ന കണ്ണന്‍ എന്നിവരുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ തുവ്വൂര്‍, തിരുവാലി, പോരൂര്‍, കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍ ഇടതുമുന്നണി നേടിയത് ഇവിടെ എല്‍ ഡി എഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1991ല്‍ പന്തളം സുധാകരനെ തോല്‍പ്പിച്ച് സി പി എമ്മിലെ എന്‍ കണ്ണന്‍ വിജയിച്ചിരുന്നു. നിലമ്പൂരില്‍ പി വി അന്‍വര്‍, പ്രൊഫ. തോമസ് മാത്യു എന്നിവരുടെ പേരുകള്‍ക്കാണ് പ്രാമുഖ്യം. പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സംസ്ഥാന കമ്മറ്റിയിലെ മുതിര്‍ന്ന അംഗം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു തവണയും പരാജയപ്പെട്ട പ്രൊഫ. തോമസ് മാത്യു മത്സരിക്കേണ്ടെന്നെന്നാണ് ഏരിയാ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ട്. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ ഡോ. കെ ടി ജലീല്‍, പെരിന്തല്‍മണ്ണയില്‍ വി ശശികുമാര്‍, താനൂരില്‍ വി അബ്ദുറഹിമാന്‍, വള്ളിക്കുന്നില്‍ കെ സി സൈതലവി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
