സ്ത്രീകള്‍ക്കെതിരെ അതിക്രമം

മലപ്പുറം:  തൊഴിലിടങ്ങളിലെ ലൈംഗിക പീഢനം തടയുന്നതിനുള്ള  2013 ലെ നിയമപ്രകാരം രൂപത്ക്കരിച്ച ലോക്കല്‍ ലെവല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍  ചേര്‍ന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള  വിവിധ നിയമങ്ങളെക്കുറിച്ച് ജില്ലയില്‍ വ്യാപകമായ പ്രചരണം നടത്തുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും  നിയമത്തെപ്പറ്റി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി.മറിയുമ്മ അറിയിച്ചു. കമ്മിറ്റിയുടെ പരിഗണനക്ക് വന്ന രണ്ട് കേസുകളില്‍ ഒന്ന് നിയമത്തിന്റെ പരിധിയില്‍  വരാത്തതിനാല്‍  നടപടികള്‍ അവസാനിപ്പിച്ചു. ഒരു കേസ് വിചാരണയ്ക്കായി ഏപ്രില്‍ 16 ലേക്ക് മാറ്റിവെച്ചു. അംഗങ്ങളായ  അഡ്വ. സുജാത.എസ്.വര്‍മ്മ, കെ. വിശാലാക്ഷി, കെ.എം. ഗിരിജ എന്നിവര്‍ പങ്കെടുത്തു.
പൊതു-സ്വകാര്യ മേഖലകളിലെ 10 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ  ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് സമിതി പരിഗണിക്കുക. 10 ന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നേരത്തെതന്നെ ഇന്റേനല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപവത്ക്കരിച്ചിരുന്നു. അസംഘടിത മേഖലകളിലെ സ്ത്രീകള്‍ക്കും (വീട്ടുജോലിക്കാരുള്‍പ്പെടെ) നിയമത്തിന്റെ പിന്‍ബലമുണ്ട്. സംഭവം നടന്ന് മൂന്ന് മാസത്തിനകം നോഡല്‍ ഓഫീസറായ ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്കോ ജില്ലാ ഓഫീസറായ ജില്ലാകലക്ടര്‍ക്കോ പരാതി നല്‍കാം. ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് വരുത്തി  വിചാരണ നടത്താന്‍ സിവില്‍ കോടതിയുടെ അധികാരങ്ങള്‍ സമിതിക്കുണ്ട്. ശാരീരികമായ പീഢനം കൂടാതെ ഉപയോഗിക്കുന്ന വാചകങ്ങളില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളുണ്ടാവുന്നതും ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. ജോലിക്ക് തടസ്സമുണ്ടാവുന്ന രീതിയില്‍ പെരുമാറുക, നിലവിലോ ഭാവിയിലോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തുക, പ്രതികൂലമായ ജോലിസാഹചര്യം ഉണ്ടാക്കുക, ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാവുന്ന രീതിയില്‍ പെരുമാറുക തുടങ്ങിയവയും 2013 ല്‍ നിലവില്‍വന്ന നിയമത്തിന്റെ പരിധിയിലുള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *