സര്‍ക്കാര്‍ ഓഫീസുകളിലെ പരസ്യങ്ങളും പോസ്റ്ററുകളും നീക്കണം

കൊല്ലം: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും ഇന്ന് (മാര്‍ച്ച് 20) വൈകുന്നേരത്തിന് മുമ്പ് നീക്കം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നേരുത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ മാറ്റിയിട്ടില്ലാത്ത ഓഫീസുകളില്‍ അടിയന്തരമായി നീക്കം ചെയ്യണം. ഈ നിര്‍ദേശം പാലിക്കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ പരസ്യങ്ങള്‍ പാടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ക്കും ഇത് ബാധകമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ സുധീപ് ജെയിന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ നിര്‍ദേശമനുസരിച്ച് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.

പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും സ്ഥാപിച്ചുട്ടുള്ള ഫഌ്‌സുകളും ഹോര്‍ഡിംഗുകളും ആന്റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു തുടങ്ങി. ജില്ലയിലെ 11 മണ്ഡലങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളെ പ്രത്യേകമായി നിരീക്ഷിക്കാനും റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ ആഴ്ച്ചതോറും റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള നേതൃത്വ പരിശീലനം ഉടന്‍ ആരംഭിക്കും. സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് വീക്കിലി പ്ലാന്‍ തയ്യാറാക്കി നല്‍കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരികയാണെന്നും ഉടന്‍തന്നെ തീരുമാനം എടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചതായി കളക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്നതുവരെ ടാങ്കര്‍ ലോറികളിലെ ശുദ്ധജല വിതരണം നിര്‍ത്തിവക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടതായി കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *