ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റാനാണ് ബിജെപി ശ്രമമെന്ന് ബിഎസ് പി നേതാവ് മായാവതി. വിലക്കയറ്റവും അമിത നികുതി ചുമത്തലും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. വര്‍ഗീയതയും കപട ദേശസ്‌നേഹവും വിദ്വേഷവും പ്രചരിപ്പിച്ച് മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു.
ആര്‍ എസ് എസിന്റെ ഇടുങ്ങിയതും ജാതിയവുമായ തത്വചിന്തകളാണ് ബിജെപി സര്‍ക്കാറും പിന്തുടരുന്നത്. ഇതിലൂടെ ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റാനാണ് ശ്രമം. ഇതിനിടയില്‍ ദാരിദ്രം , തൊഴിലില്ലായ്മ, സമാധാനം , വിലക്കയറ്റം എന്നീ പ്രശ്‌നങ്ങളെല്ലാം സര്‍ക്കാര്‍ മറന്നു.
അഴിമതിയുടെ കാര്യത്തില്‍ ബിജെപി യും കോണ്‍ഗ്രസ്സും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാറിന്റെ ശ്രമം. വരുന്ന വര്‍ഷങ്ങളില്‍ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ മുന്നില്‍ ബിജെപി എത്തുമെന്നും മായാവതി പറഞ്ഞു.
