തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജിനു പൂര്‍ണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിനു കീഴില്‍ ഉദ്യോഗസഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കും. അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണ്. മൂന്നാറില്‍ എംഎല്‍എ സബ് കളക്ടറെ അധിക്ഷേപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്- മന്ത്രി പറഞ്ഞു.
സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ച എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടി ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. എംഎല്‍എയോടു വിശദീകരണം തേടുമെന്നും തെറ്റായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് പറഞ്ഞു.
വിഷയത്തില്‍ ഒറ്റപ്പെട്ടതോടെ പരാമര്‍ശത്തില്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. സബ് കളക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നും അവള് എന്നത് അത്ര മോശം മലയാളം വാക്കല്ലെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നെന്നു പറഞ്ഞ എസ്. രാജേന്ദ്രന്, എംഎല്‍എ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന് എംഎല്‍എ തടയുകയും മോശം പരാമര്‍ശം നടത്തുകയുമായിരുന്നു. പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്നു പറഞ്ഞായിരുന്നു എംഎല്‍എ രേണു രാജിനെ അവഹേളിച്ചത്. അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെ പോയി എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍.
