അഹമ്മദാബാദ്: വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കമായി. അഹമ്മദാബാദിലെ സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ദേശീയ ബോധമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
പാര്‍ട്ടിക്കൂറ് പാറിപ്പറക്കുന്ന വീട്ടുമുറ്റങ്ങളൊരുക്കിയാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെയും അനുഭാവികളെയും സജ്ജമാക്കുന്നത്. ‘മേരാ പരിവാര്‍, ബിജെപി പരിവാര്‍’ പരിപാടിയിലൂടെ പാര്‍ട്ടിയുടെ ബഹുജന അടിത്തറ രാജ്യത്തിന്റെ എല്ലായിടത്തും എതിരാളികള്‍ക്ക് കാട്ടിക്കൊടുകയാണ് ലക്‌ഷ്യം.
പ്രാദേശിക തലത്തിലുള്‍പ്പെടെ അഞ്ചു കോടിയിലധികം വരുന്ന പാര്‍ട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും വീടുകളിലാണ് ആദ്യഘട്ടത്തില്‍ പതാക ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനത്തിനായി ഗുജറാത്തിലെത്തിയ അമിത് ഷാ പരിപാടിക്ക് തുടക്കമിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിച്ചു.
ദേശീയ കാഴ്ചപ്പാടില്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ക്ക് രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യവും പ്രിയങ്കയിലൂടെ കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞ അമിത് ഷാ സംസ്ഥാനത്തെ എണ്‍പതില്‍ 74 സീറ്റും ബിജെപി നേടുമെന്നും അവകാശപ്പെട്ടു.
