സ്ത്രീകളെ നിരീക്ഷിക്കുന്ന സൗദി അറേബ്യന്‍ മൊബൈല്‍ ആപ്പ് നിര്‍ത്തിവെക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍

വാഷിങ്ടണ്‍: സ്ത്രീകളെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന സൗദി അറേബ്യന്‍ മൊബൈല്‍ ആപ്പ് നിര്‍ത്തിവെക്കണമെന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ ഗൂഗിളിന്റെയും ആപ്പിളിന്റെയും മേധാവികളോട് ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങളായ റോണ്‍ വൈഡനും, ഡി ഓറിയുമാണ് ഇത്തരമൊരാവശ്യം ഉന്നയിച്ച്‌ മേധാവികള്‍ക്ക് കത്തയച്ചത്. സ്ത്രീവിരുദ്ധവും വിവേചനപരവുമായ ആപ്പ് ഗൂഗിളും ആപ്പിളും ആപ്പ് സ്റ്റോറുകളില്‍നിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന അബ്‌ഷെര്‍ ആപ്പ് ഇ ഗവണ്‍മെന്റ് പോര്‍ട്ടലിന്റെ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പില്‍ സ്ത്രീകള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം എന്നത് നിര്‍ബന്ധമാണ്. ഈ വിവരങ്ങള്‍ പുരുഷന്മാര്‍ക്കു ലഭ്യമാവുന്നതോടെ സ്ത്രീകളെ നിരീക്ഷിക്കാന്‍ ഇവര്‍ക്കാവുന്നു. ആരെങ്കിലും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നുവെങ്കില്‍ അതു മുടക്കാനും നീട്ടിക്കൊണ്ടു പോവാനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ ന്യൂനത.

സ്ത്രീകള്‍ക്ക് തനിച്ചു യാത്ര നടത്താന്‍ ഇപ്പോഴും വിലക്കുള്ള സൗദിയില്‍ ഇക്കാര്യങ്ങള്‍ പുരുഷനറിയാതെ ചെയ്യാനും കഴിയില്ല. കുടുംബ ബന്ധത്തിലുള്ള പുരുഷനൊപ്പം മാത്രമേ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനാവൂ. വ്യക്തിപരമായ മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും പുരുഷ രക്ഷിതാവിന്റെ സമ്മതം നിര്‍ബന്ധമാണ്. അബ്‌ഷെര്‍ ആപ്പ് ഉപയോഗിക്കുന്നതോടെ പരുഷരക്ഷിതാവിന് നോട്ടിഫിക്കേഷന്‍ ചെല്ലും.

പത്ത് ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ടായിട്ടുള്ള ആപ്പ് വ്യക്തിപരവും ബിസിനസ് സംബന്ധവുമായ ആവശ്യങ്ങള്‍ക്കായി ഒരു കോടിയിലധികം പേര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. സെനറ്റര്‍മാരുടെ ആവശ്യത്തിനു പുറമേ ആപ്പ് സ്വന്തം ആപ്പ് സ്റ്റോറുകളില്‍നിന്ന് ഒഴിവാക്കാത്തതില്‍ ഗൂഗിളും ആപ്പിളിനുമെതിരെ വലിയ വിമര്‍ശനങ്ങള്‍ പുറത്തു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *