പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കൂട്ടായി ആലോചിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെ ആരോടും ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സംസ്ഥാന അധ്യക്ഷന്‍ സ്വന്തം താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാട്ടി വി. മുരളീധരനും കെ. സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കോര്‍ കമ്മിറ്റി ചേര്‍ന്നത്. മുരളീധര്‍ റാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വി. മുരളീധരനും കെ. സുരേന്ദ്രനും വിട്ടുനിന്നിരുന്നു.

കേന്ദ്രനേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം വന്നതോടെ പിള്ള നിലപാട് മാറ്റുകയും ചെയ്തു. ഒരു പട്ടികയും കേന്ദ്രത്തിനു കൈമാറിയില്ലെന്നും അങ്ങനെയൊന്നും പറഞ്ഞില്ലെന്നുമാണ് ഇന്നലെ നിലപാട് തിരുത്തിക്കൊണ്ട് പിള്ള പറഞ്ഞത്. സ്ഥാനാര്‍ഥി പട്ടിക കൈമാറാനായി താന്‍ ദില്ലിക്ക് പോയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പാര്‍ട്ടിയിലെ ശക്തരായ നേതാക്കളാണ് മുരളീധരനും സുരേന്ദ്രനും. അവര്‍ പിള്ളയ്‌ക്കെതിരെ തിരിഞ്ഞതോടെയാണ് തിരുത്തലുകള്‍ ഉണ്ടായത്. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കുകയോ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിക്കുകയോ ചെയ്തിട്ടില്ലെന്നും മുരളീധര പക്ഷം ആരോപിക്കുന്നു. 
ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ചില സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നടത്താന്‍ പിള്ള ശ്രമിച്ചിരുന്നു. എന്നാല്‍ മുരളീധര്‍ റാവു അതിന് അഴസരം നല്‍കിയില്ല. വലിയ പ്രശ്‌നങ്ങളിലേക്ക് പാര്‍ട്ടി പോകരുതെന്നും കൂട്ടായി കാര്യങ്ങള്‍ തീരുമാനിക്കണമെന്നും മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വി മുരളീധരന്‍ കെ സുരേന്ദ്രന്‍ സി കെ പത്മനാഭന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പട്ടിക തയാറാക്കിയതില്‍ വേണ്ടത്ര കൂടിയാലോചന ഇല്ല എന്നും ബിജെപിയുടെ സാധ്യത ഇല്ലാതാക്കുന്നത് പട്ടിക എന്നുമാണ് മുരളീധര വിഭാഗത്തിന് വിമര്‍ശനം. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാതെ പരിഹരിക്കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *