തെറ്റ് ന്യായീകരിക്കില്ല ; പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കോടിയേരിവ്യക്തമാക്കി. ഒരിക്കലും പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുഗതാഗതം തടസപ്പെടുത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടരുതെന്നും കോടിയേരി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കുകയുണ്ടായില്ല.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *