സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷെ കമാന്‍ഡര്‍ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പം
പ്രാദേശിക ഭീകരന്‍ ഹിലാലും കൊല്ലപ്പെട്ടു.
അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമ്രാനും സംഘവുമാണ് പുല്‍വാമ ഭീകരാക്രമണത്തിന് കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചത്.
ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു. 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍പ്പെട്ട സൈനികരാണു മരിച്ചത്. പിംഗ്‌ലാന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചയാണ് ഏറ്റുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല.
മൂന്ന് ഭീകരര്‍ പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചതോടെയാണ് വെടിവയ്‌പ് ഉണ്ടായത്. കെട്ടിടം സൈന്യം വളഞ്ഞതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും പൊലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.
