തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ അന്വേഷണം ശക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം എ പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പീതാംബരന്റെ ഭാര്യയുടെ മൊഴി എടുത്താല്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍ . ‘നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ഭാര്യ പറഞ്ഞു . പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക തുറന്നടിച്ചു . തെരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് നടപടിയെടുത്തത് . പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകള്‍ ആരോപിച്ചിരുന്നു.
