പാര്‍ട്ടി പറയാതെ പീതാംബരന്‍ ചെയ്യില്ലെന്ന് ഭാര്യ, തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാണ് പുറത്താക്കിയതെന്ന് മകളും

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ സി.പി.എം വീണ്ടും പ്രതിരോധത്തില്‍. പാര്‍ട്ടി പറയാതെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന നിലപാടുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. പീതാംബരന്റെ ഭാര്യ മഞ്ജുവാണ് പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും, നേരത്തെ പീതാംബരന്‍ ചെയ്തതെല്ലാം പാര്‍ട്ടി പറഞ്ഞിട്ടാണെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പീതാംബരന്റെ ഭാര്യയും മകള്‍ ദേവികയും സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച്‌കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വന്നതുകൊണ്ടാണ് പിതാവിനെ അവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നായിരുന്നു ദേവിക പറയുന്നു പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കമെന്നും ഇരുവരും വ്യക്തമാക്കുന്നു.

കൈ ഒടിഞ്ഞിരിക്കുന്ന മകന് കൊലപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരന്റെ അറസ്റ്റ് ഇന്നലെപോലീസ്‌രേഖപ്പെടുത്തിയിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടിപോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് പീതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *