പി ജയരാജന് ജാമ്യം

തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കി.  ചൊവ്വാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനൊടുവിലാണു കേസ് വിധി പറയുന്നതിനായി ഇന്നത്തേക്കു മാറ്റിയത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നും ജാമ്യം നല്‍കുന്നതു കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതു പി. ജയരാജന്റെ കിഴക്കേകതിരൂരിലുള്ള കുടുംബക്ഷേത്രത്തില്‍ വച്ചാണെന്നു സിബിഐ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, പി. ജയരാജന്‍ എവിടെവച്ച്, ആരുമായിട്ടാണു ഗൂഢാലോചന നടത്തിയതെന്നു പറയാന്‍ സിബിഐക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ കോടതിയില്‍ പറഞ്ഞു. കുടുംബക്ഷേത്രത്തില്‍ വച്ചു ഗൂഢാലോചന നടന്നുവെന്നത് അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. വിധിക്കെതിരെ അപ്പീലില്‍ പോകുമെന്ന് സിബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *