പത്തനംതിട്ട: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകളില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. ഇതോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് കത്ത് എഴുതി വാങ്ങും. ഇക്കാര്യങ്ങള്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ ഘടകത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉറപ്പ് നല്‍കിയെന്ന് ഒരു ജില്ലാ സെക്രട്ടേറിയറ്റംഗം ’ഫ്ളാഷി’നോട് വെളിപ്പെടുത്തി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ പത്മകുമാര്‍ ഒറ്റുകാരനാണെന്ന് ശബരിമല വിഷയത്തിനുശേഷം നടന്ന ഒരു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു എന്ന വിവരവും പുറത്തുവന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പത്മകുമാറിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി ജില്ലാ ഘടകത്തിലും പത്മകുമാറിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യം ഉയര്‍ന്നു.
വിമര്‍ശന വിധേയനായശേഷം പാര്‍ട്ടിയുമായി പത്മകുമാര്‍ അകലം പാലിക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പോലും അദ്ദേഹം പങ്കെടുക്കാറില്ല. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടി പത്മകുമാറിനെ ഒഴിവാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. മറ്രെല്ലാ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന കേരള സംരക്ഷണ യാത്ര പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. ഈ യാത്രയില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ പത്തനംതിട്ടയിലുണ്ടായിരുന്ന പത്മകുമാര്‍ തയ്യാറായതുമില്ല. പത്മകുമാര്‍ സ്വീകരണ വേദികള്‍ക്ക് പുറത്തുവച്ച് കോടിയേരിയെ കണ്ടിട്ടുണ്ടാകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍, താന്‍ കോടിയേരിയെ കണ്ടിട്ടില്ലെന്ന് പത്മകുമാര്‍ ’ഫ്ളാഷി’നോട് പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന ശേഷം തന്റെ വീട്ടില്‍ നിന്ന് ഒരു യുവതിയും ശബരിമലയില്‍ പോകില്ലെന്ന് പത്മകുമാര്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കവെ, വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന് പിന്തുണച്ചതിനെ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. കോടതിയിലെ മലക്കംമറിച്ചിലിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പരിപാടികളില്‍ നിന്ന് പത്മകുമാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെയാണ് പത്മകുമാറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പടയൊരുക്കം തുടങ്ങിയത്.
