ലീഗ് തവനൂരിലേക്ക്

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെ.ടി.ജലീലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നു. കോണ്‍ഗ്രസിന്  കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് നല്‍കി തവനൂരില്‍ മല്‍സരിക്കാനാണ് ലീഗ് ആലോചിക്കുന്നത്. കെ.ടി.ജലീലിനെ തറപറ്റിക്കുകയാണ് ലക്ഷ്യം.   പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകളുണ്ടായത്.

കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് കോണ്‍ഗ്രസിന് ഉപാധികളില്ലാതെ വിട്ടുകൊടുക്കേണ്ടെന്ന് ലീഗ് യോഗം തീരുമാനിച്ചു.  ഇരവിപുരം സീറ്റിനു പകരം ചടയമംഗലം നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിക്കേണ്ടെന്ന്   പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.  ഇക്കാര്യം  കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.  ഇരവിപുരത്തിന് പകരം തവനൂരോ കൊല്ലം ജില്ലയിലെ തന്നെ കരുനാഗപള്ളിയോ കിട്ടണമെന്നാണ് ലീഗ് നിലപാട്.

രണ്ടു ദിവസത്തിനകം മുസ്ലിം ലീഗ് മല്‍സരിക്കുന്ന ബാക്കി മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം പറഞ്ഞു. ഇരവിപുരം സീറ്റിന്റെ കാര്യത്തിലേ തര്‍ക്കമുള്ളൂ. മറ്റു മൂന്നു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇരവിപുരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമേ ശേഷിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയുള്ളൂ. അദ്ദേഹം പറഞ്ഞു.

ഇരവിപുരത്തിനായി ആര്‍.എസ്.പി പിടിമുറുക്കിയതോടെയാണു ലീഗിന്റെ സീറ്റ് നഷ്ടമായത്. അതേസമയം ഗുരുവായൂര്‍, കുന്ദമംഗലം, കുറ്റിയാടി എന്നീ സീറ്റുകള്‍ വെച്ചുമാറേണ്ടെന്നും തീരുമാനമായിട്ടുണ്ട്. ഇരവിപുരത്തിനു പകരം ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. ഇനിയുള്ള നാലു മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യവും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍വഹാബ് എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *