മലപ്പുറം: മുസ്്ലിംലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റിനു പകരം ചടയമംഗലം വേണ്ടെന്നു ലീഗ് നേതൃയോഗം. ഇന്നലെ പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിലാണു ഇക്കാര്യത്തില്‍ തീരുമാനമായത്. ഇക്കാര്യം യു.ഡി.എഫ് നേതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു.
കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ്. ഈ സീറ്റ് ആര്.എസ്.പിക്കു നല്കുന്ന പക്ഷം കുറച്ചു കൂടി സ്വീകാര്യമായ മറ്റൊരു മണ്ഡലം ലഭിക്കണമെന്നാണു ലീഗിന്റെ ആവശ്യം. അതേസമയം ഇരവിപുരം സീറ്റൊഴികെയുള്ള മറ്റു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഇരവിപുരത്തിനു പകരം മലപ്പുറം ജില്ലയിലെ തവനൂര്‍, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ സീറ്റുകളില്‍ ഒരെണ്ണം വേണമെന്നാണു ലീഗിന്റെ ആവശ്യം. എന്നാല്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. ചടയമംഗലം പോലുള്ള രണ്ടു മണ്ഡലങ്ങള്‍ നല്കിയാലും സ്വീകരിക്കേണ്ടെന്നാണു ലീഗ് തീരുമാനം.
ചടയമംഗലം മണ്ഡലത്തില്‍ 45 ശതമാനം മുസ്്ലിം മതവിഭാഗത്തില്പ്പെട്ടവരുണ്ട്. എന്നാല്‍ ഉറച്ച ഇടതുപക്ഷ മണ്ഡലമാണിത്. മുന്നണി മര്യാദ പാലിക്കാന്‍ പോലും ഇവിടത്തെ കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നില്ലെന്നു ജില്ലയിലെ ലീഗ് നേതാക്കള്‍ക്കു പരാതിയുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിതറ ഡിവിഷനിലേക്കു മത്സരിക്കാന്‍ ലീഗിന് അനുവദിച്ചിട്ടും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഒടുവില്‍ ലീഗ് സ്ഥാനാര്‍ഥിക്കു വളരെ കുറച്ചുവോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകട്ടെ എണ്ണായിരത്തിലധികം വോട്ടുകള്‍ക്കു പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇരുപത്തിയഞ്ചോളം ബൂത്തുകളില്‍ ഏജന്റുമാരാകാന്‍ പോലും ആളെകിട്ടാത്ത അവസ്ഥയുണ്ടെന്നും ജില്ലാനേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം രണ്ടു ദിവസത്തിനകം മണ്ഡല കാര്യത്തില്‍ തീരുമാനമാകുമെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇരവിപുരം സീറ്റിന്റെ കാര്യത്തിലേ തര്‍ക്കമുള്ളൂ. മറ്റു മൂന്നു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. ഇരവിപുരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമേ ശേഷിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയുള്ളൂ. അതേസമയം ഇരവിപുരത്തിനു പകരം മറ്റൊരു ഉറച്ച സീറ്റ് നല്‍കണമെന്നു യോഗത്തിനിടെ പാണക്കാട് ഹൈദരലി തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇരവിപുരത്തിനായി ആര്.എസ്.പി പിടിമുറുക്കിയതോടെയാണു ലീഗിന്റെ സീറ്റ് നഷ്ടമായത്. അതേസമയം ഗുരുവായൂര്‍, കുന്ദമംഗലം, കുറ്റിയാടി എന്നീ സീറ്റുകള്‍ വെച്ചുമാറേണ്ടെന്നും തീരുമാനമായിട്ടുണ്ട്. ഇരവിപുരത്തിനു പകരം ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. ഇനിയുള്ള നാലു മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യവും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍വഹാബ് എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
