സൗദിയില്‍ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം : മക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടുകാരില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. മലപ്പുറം പുല്ലറ വാര്‍പ്പിങ്ങല്‍ അഹമ്മദ് കോയയാ (54)ണ‌് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത‌്. ഇയാളില്‍നിന്ന‌് 150 പാസ്‌പോര്‍ട്ടും 3.35 ലക്ഷം രൂപയും പിടിച്ചെടുത്തു. കോയമ്ബത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്.

മക്കയില്‍ ശുചീകരണജോലിക്ക‌് കൊണ്ടുപോകാമെന്നു പറഞ്ഞ‌് 7000 രൂപയും പാസ്‌പോര്‍ട്ടും വാങ്ങിവയ‌്ക്കുന്നതായിരുന്നു പ്രതിയുടെ രീതി. പാലാരിവട്ടം പൈപ്പ്‌ലൈന്‍ റോഡിലെ ഫ്ലാറ്റ‌ിലാണ‌് വ്യാജ റിക്രൂട്ട്മെന്റ‌് നടത്തിയിരുന്നത്. മുംബൈയിലെ റിയോ കണ്‍സള്‍ട്ടന്‍സിവഴി ജോലി ലഭിക്കുമെന്നും മൂന്നു മാസത്തേക്കുള്ള സൗജന്യ വിസയും 2000 റിയാല്‍ മാസശമ്ബളവും നല്‍കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ വലയിലാക്കിയിരുന്നത്.

താമസവും സൗജന്യ ചികിത്സയും ലഭിക്കുമെന്നും പ്രതി അറിയിച്ചിരുന്നു. 7000 രൂപ നല്‍കിയാല്‍ ജോലിയും പുണ്യസ്ഥലമായ മക്ക സന്ദര്‍ശിക്കാന്‍ അവസരവും ലഭിക്കുമെന്ന വാഗ‌്ദാനത്തിലാണ‌് തമിഴ‌്നാട‌് സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെട്ടത‌്.

പ്രതിക്ക‌് വിദേശത്തേക്ക് ആളെ കൊണ്ടുപോകുന്നതിനുള്ള ലൈസന്‍സില്ല. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ കേസ് നിലവിലുണ്ട്. മറ്റു സ്റ്റേഷനുകളില്‍ കേസുണ്ടോയെന്ന് അന്വേഷിക്കുന്നു.
എറണാകുളം എസിപി എസ് സുരേഷിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം എസ്‌എച്ച്‌ഒ എസ് സനല്‍, എസ്‌ഐമാരായ സാബു വര്‍ഗീസ്, വി പി സേവ്യര്‍, എഎസ്‌ഐമാരായ സജയന്‍, കുട്ടപ്പന്‍, സുരേഷ്, സിപിഒമാരായ മാഹിന്‍, ശ്രീരാജ്, ശ്രീനി, കെ എ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *