36 റാഫേലിന്റെ വില യു.പി.എ കാലത്തെ 126 എണ്ണത്തിന്റേതിനേക്കാള്‍ കൂടുതല്‍, പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്ബനി ദസാള്‍ട്ടിന് നേട്ടമുണ്ടാകാന്‍ പ്രധാനമന്ത്രി തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ കരാറിനേക്കാള്‍ ചെലവേറിയതാണ് മോദിയുടെ കരാര്‍. 59,175 കോടി രൂപയ്ക്കാണ് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. ഇന്ത്യന്‍ വിലപേശല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 63,450 കോടി കോടി രൂപയാണ് തുകയെന്നും സുര്‍ജേവാല വ്യക്തമാക്കി .

വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ വിലപേശല്‍ സംഘത്തിന്റെ (ഐ.എന്‍.ടി.) റിപ്പോര്‍ട്ട് ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്‍.ഡി.എ. സര്‍ക്കാരിന്റെകാലത്ത് വിമാനങ്ങളുടെ വിലയില്‍ വന്‍വര്‍ദ്ധന വന്നതായി വിലപേശല്‍ സംഘത്തിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി സുര്‍ജേവാല പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, ബാങ്ക് ഗാരന്റി, മൂല്യവര്‍ധന, സാങ്കേതികസഹായ കൈമാറ്റം എന്നീ കാര്യങ്ങളില്‍ സ്വീകരിച്ച നിലപാടാണിതിന് കാരണം.

ഐ.എന്‍.ടി. റിപ്പോര്‍ട്ടുപ്രകാരം 36 വിമാനങ്ങള്‍ക്ക് 8460 മില്യണ്‍ യൂറോ (63,450 കോടി) ആണ് വില. എന്നാല്‍, മോദി പറഞ്ഞത് 7890 മില്യണ്‍ യൂറോ (59,175 കോടി) എന്നാണ്. മാത്രമല്ല 63,450 കോടി 36 വിമാനങ്ങളുടെ യഥാര്‍ത്ഥ വിലയല്ല. വില നിശ്ചയിക്കുന്നത് ഫ്രാന്‍സിലെ പണപ്പെരുപ്പനിരക്കിന്റെ അടിസ്ഥാനത്തിലാണ്. 5.75 വര്‍ഷത്തേക്ക് വര്‍ഷം 1.22 ശതമാനം നിരക്കില്‍ അടിസ്ഥാനതുകയില്‍ വര്‍ദ്ധന വരുത്തണം.

അതേസമയം, പണപ്പെരുപ്പം 3.5 ശതമാനത്തില്‍ കൂടുകയാണെങ്കില്‍ ആ നിരക്കില്‍ നല്‍കണം. മുഴുവന്‍ വിമാനങ്ങളും കിട്ടാന്‍ 10 വര്‍ഷമെടുക്കും. അപ്പോള്‍ പണപ്പെരുപ്പവും ചേര്‍ത്ത് 36 വിമാനങ്ങള്‍ക്കുള്ള തുക ഏകദേശം 9000 മില്യണ്‍ യൂറോ (67,500 കോടി) ആകും. ഈ വില യു.പി.എ. കാലത്തെ 126 റഫാല്‍ വിമാനങ്ങളുടെ വിലയായ 574 മില്യണ്‍ യൂറോ(4305 കോടി)യെക്കാള്‍ കൂടുതലാണ് സുര്‍ജേവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *