ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസ‌് മധ്യസ്ഥതയ‌്ക്ക‌് വിടാന്‍ സുപ്രീംകോടതി ഉത്തരവായി. മധ്യസ്‌ഥതയ്ക്ക് മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീംകോടതി മുന്‍ ജഡ്‌ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയാണ് സമിതിയ്ക്ക് നേതൃത്വം നല്‍കുക.പ്രമുഖ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് അംഗങ്ങള്‍.മധ്യസ്‌ഥ ചര്‍ച്ച മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ല.
മധ്യസ്ഥ ചര്‍ച്ചയ്‌ക്കായി ഫൈസാബാദില്‍ ഒരാഴ്ചക്കകം നടപടികള്‍ ആരംഭിക്കും. നാല് ആഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമിതി കോടതിക്ക് പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. എട്ട് ആഴ്ച ആണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആയി അനുവദിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിക്ക് ആവശ്യം എങ്കില്‍ കൂടുതല്‍ അംഗങ്ങളെ പാനലില്‍ ഉള്‍പ്പെടുത്താം. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് മധ്യസ്ഥ സമിതിക്ക് അടിസ്ഥാന സൗകര്യം നല്‍കേണ്ടത് . പാനലിന് അഭിഭാഷക സഹായം തേടാനും അനുമതിയുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എ എസ് ബോബ‌്ഡെ ,ഡി വൈ ചന്ദ്രചൂഡ‌് , അശോക‌് ഭൂഷണ്‍, എസ‌് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്.
കേസ് വിചാരണക്കെടുത്തപ്പോള്‍ മധ്യസ്ഥതയിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തെ ഹിന്ദു സംഘടനകളും ഉത്തര്‍പ്രദേശ‌് സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം സുന്നി വഖഫ‌് ബോര്‍ഡ‌് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ സ്വാഗതംചെയ‌്തു. സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കേസിന്റെ വിധി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച‌് ബോധ്യമുണ്ടെന്ന‌് കോടതി അന്ന് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
സിവില്‍ പ്രൊസീജ്യര്‍ കോഡ‌് 89–ാം വകുപ്പു പ്രകാരം തര്‍ക്കവിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സാധ്യതകളാണ‌് ചീഫ‌് ജസ്റ്റിസ് രഞ‌്ജന്‍ ഗൊയോയ‌് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്. തര്‍ക്കഭൂമി ശ്രീരാമന്‍ ജനിച്ച സ്ഥലമാണെന്ന വിശ്വാസത്തില്‍നിന്ന‌് ഒരടിപോലും പിന്നോട്ട‌് പോകാന്‍ കഴിയില്ലെന്ന‌് രാമവിഗ്രഹത്തെ പ്രതിനിധാനംചെയ്യുന്ന ഹിന്ദുസംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ‌് വൈദ്യനാഥന്‍ വാദിച്ചു. മറ്റേതെങ്കിലും സ്ഥലത്ത‌് പള്ളി പണിയാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ‌്തുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യസ്ഥതയിലൂടെ പരിഹാരം കാണാനാണ‌് ഉദ്ദേശ്യമെങ്കില്‍ പൊതുജനങ്ങളുടെ അഭിപ്രായംകൂടി പരിഗണിക്കണമെന്ന‌് അഖില ഭാരത ഹിന്ദുമഹാസഭ അഭിപ്രായപ്പെട്ടിരുന്നു. സിവില്‍ പ്രൊസീജ്യര്‍ കോഡ‌് അനുസരിച്ച് മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന‌് കോടതിക്ക‌് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അനുമതി വാങ്ങേണ്ട കാര്യമില്ലെന്ന‌് സുന്നി വഖഫ‌് ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ‌് ധവാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
. ഒരു കക്ഷി ജയിക്കുമെന്നും മറുകക്ഷി തോല്‍ക്കുമെന്നുള്ള മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണരുത‌്. പഴയ മുറിവുകള്‍ ഉണക്കാനുള്ള ആത്മാര്‍ഥമായ ശ്രമമെന്ന നിലയില്‍ ചര്‍ച്ചകളെ സ്വാഗതം ചെയ്യണമെന്നും ജസ്റ്റിസ‌് ബോബ‌്ഡെ അഭ്യര്‍ഥിച്ചിരുന്നു.
