പത്തനംതിട്ട: വൈദ്യുതി രംഗത്ത് സ്വയംപര്യാപ്‌തത ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൈവരിക്കാനാണ് ലക്ഷമിട്ടിട്ടുള്ളതെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെഎസ്‌ഇബി ഇരവിപേരൂര്‍ തോട്ടഭാഗം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വേണ്ടി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവൈദ്യുതി പദ്ധതികളില്‍ നിന്നും 30 ശതമാനം മാത്രമാണുല്‍പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്തു വാങ്ങുകയാണ്. ജലവൈദ്യുതിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടാണ് പുരപുറത്തും ഡാമുകളില്‍ ഒഴുകി നടക്കുന്ന സോളാര്‍ പാനലുകളും സ്ഥാപിച്ച് ആയിരം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും മറ്റും ജീവന്‍ പണയം വച്ച് പുന:സ്ഥാപിച്ച ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനായി. വീണാ ജോര്‍ജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്‌ഇബിയ്ക്ക് 40 വര്‍ഷം ഓഫീസ് വാടകയ്ക്ക് നല്‍കിയ കൊറ്റിനിക്കല്‍ പെണ്ണമ്മ തോമസിനെയും ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമിലിടം പിടിച്ച സെജിന്‍ മാത്യുവിനെയും യോഗത്തില്‍ ആദരിച്ചു.
