റാസല്‍ഖൈമ: ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന കാറില്‍ നിന്നും യുവാവിനെ സാഹസികമായി രക്ഷിച്ച ദുബായ് പൊലീസിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുമ്ബോഴാണ് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ക്രൂസ് സംവിധാനം തകരാറിലായത്. 140കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രിക്കാനാവാതെ പാഞ്ഞ കാറില്‍ നിന്നും യുവാവ് പൊലീസിന്റെ സഹായം തേടി. തന്റെ ജീവിതം ഇതോടെ അവസാനിക്കുമെന്ന് കരുതിയ സമയത്ത് ദൈവദൂതരായി പൊലീസ് സംഘം സ്ഥലത്തെത്തിയെന്ന് യുവാവ് പറയുന്നു.റാസല്‍ഖൈമ ട്രാഫിക്ക് മേധാവിയായ കേണല്‍ അഹമ്മദ് അല്സം അല്‍ നഖ്ബിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ ഒരു സംഘം പൊലീസ് വ്യൂഹം കുതിച്ചെത്തി. റോഡിലെ തിരക്ക് കുറയ്ക്കാനായി പൊലീസ് മറ്റ് വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കാനുള്ള നടപടികളും സ്വീകരിച്ചു.
പൊലീസ് ഫോണിലൂടെ യുവാവുമായി ബന്ധപ്പെട്ട് വാഹനം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്ന ഉപദേശം നല്കിയ ശേഷമാണ് പൊലീസ് മടങ്ങിയത്.
