വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം അധികൃതരാണ് മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്ബൂതിരിയെ സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്ബോളാണ് സസ്‌പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
സംഭവം ഇങ്ങനെ-
2018 മാര്‍ച്ച് 25ന് ഉത്സവത്തോടനുബന്ധിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വള്ളിയൂര്‍ക്കാവില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ദീപാരാധനയോടനുബന്ധിച്ച് ക്ഷേത്ര മേല്‍ശാന്തിയായ ശ്രീജേഷ് നമ്ബൂതിരി നടയടയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് നടതുറക്കുന്നത് കാത്തു നില്‍ക്കാതെ മന്ത്രി മടങ്ങുകയും ചെയ്‌തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് വള്ളിയൂര്‍ക്കാവ് ക്ഷേത്രം. ദേവസ്വം ബോര്‍ഡ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നതെന്ന് ക്ഷേത്ര മാനേജ്‌മെന്റ് പറയുന്നു. വളരെ വര്‍ഷങ്ങളായി ക്ഷേത്ര മേല്‍ശാന്തിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു ശ്രീജേഷ് നമ്ബൂതിരി.
മേല്‍ശാന്തി പറയുന്നത്
‘മന്ത്രി ദര്‍ശനത്തിന് വന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഉത്സവവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമയാണ് ക്ഷേത്ര നട അടച്ചത്. അതിനു ശേഷമാണ് മന്ത്രി വന്ന കാര്യം അറിഞ്ഞത്. എന്നാല്‍ അനുഷ്‌ഠാനങ്ങള്‍ എതിരാകുമെന്നതിനാല്‍ അപ്പോള്‍ നട തുറക്കാന്‍ കഴിയുമായിരുന്നില്ല’.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
