ക്രൈസ്റ്റ്ചര്‍ച്ച്: കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ലിന്‍വുഡ് ഇസ്ലാമിക് സെന്ററില്‍ ഉണ്ടായ വെടിവയ്പില്‍ ദുരന്തത്തിന്റെ തീവ്രത കുറച്ച് അജ്ഞാതവ്യക്തിയുടെ ധീരത. അക്രമിയെ അജ്ഞാതനായൊരാള്‍ ഭയക്കാതെ നേരിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഇന്ത്യന്‍ വംശജനായ ഫൈസല്‍ സയീദ് ആണ് അജ്ഞാതന്റെ ധീരത ഓര്‍ത്തെടുത്തത്.
ഫൈസലിന്റെ വാക്കുകള്‍ :
ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ ചെറിയ മോസ്കിലായിരുന്നു ആ സമയം ഞങ്ങള്‍. തോക്കുധാരി മോസ്കിലേക്ക് ഇരച്ചെത്തി വെടിവയ്പ് ആരംഭിച്ചു. എന്നാല്‍ പള്ളിക്കുള്ളില്‍ കടന്ന അക്രമിയെ ധൈര്യശാലിയായ ഒരാള്‍ അക്രമിയുടെ പിന്നില്‍നിന്നും കടന്നുപിടിക്കുകയും തോക്ക് താഴെ വീഴ്ത്തുകയും ചെയ്തു. തോക്ക് താഴെ ഇടുന്നതുവരെ അക്രമിയെ അയാള്‍ പിടിച്ചുവച്ചു. താനും തന്റെ സുഹൃത്തും ഇതിന് സാക്ഷിയാണെന്നും ഫൈസല്‍ സയീദ് പറഞ്ഞു.
ആ മനുഷ്യന്റെ പ്രവര്‍ത്തി ഇല്ലായിരുന്നെങ്കില്‍ നിരവധി ആളുകള്‍ മരിച്ചുവീഴുമായിരുന്നു. താന്‍പോലും ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. ആ മനുഷ്യനെ നമസ്ക്കരിക്കുകയാണെന്നും ഫൈസല്‍ പറഞ്ഞു. പത്തുവര്‍ഷമായി ഫൈസല്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ താമസിച്ചുവരികയാണ്. ന്യൂസിലന്‍ഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നും ആക്രമണത്തിനു ശേഷവും ഫൈസല്‍ പറയുന്നു. തന്റെ കുടുംബമോ തന്റെ സമൂഹമോ ഇതുവരെ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
