ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് ഒരു സന്ദേശം നല്‍കാനാണ് അവരെ ഹിജാബ് ധരിച്ച് സന്ദര്‍ശിച്ചതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍. ഓസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ വലീദ് അലിയുമായുള്ള അഭിമുഖത്തിലാണ് ജസിന്ത ഇക്കാര്യം പറഞ്ഞത്.
ഹിജാബ് ധരിച്ചു കൊണ്ട് ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിലൂടെ ചെറിയൊരു ചിന്ത അവര്‍ക്ക് പകരാനാണ് ആഗ്രഹിച്ചതെന്നാണ് ജസിന്ത പറഞ്ഞത്. ‘ ഞാന്‍ ചെയ്തതു പോലെ ഹിജാബ് ധരിക്കുന്നത് അവര്‍ക്ക് ഒരു തരം സുരക്ഷിതത്വ ബോധം നല്‍കുന്നുണ്ടെങ്കില്‍, അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാന്‍ അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി.’ അവര്‍ പറഞ്ഞു.
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുശേഷമുള്ള തന്റെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ തന്റെ മാതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ജസിന്ത പറഞ്ഞു.
‘തീര്‍ച്ചയായും എന്റെ മാതൃത്വം സ്വാധീനിച്ചിട്ടുണ്ട്. മാതൃത്വം നമ്മളെ എങ്ങനെ മാറ്റിമറിക്കുമെന്നുള്ളത് വിശകലനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ നിങ്ങളുടെ പ്രതികരണത്തിലും എമ്ബതിയിലും അത് മനസിലാവും.’ ജസിന്ത പറഞ്ഞു.
കെട്ടിപ്പിടിച്ചു കൊണ്ടാണ് വലീദ് അലിയെ ജസിന്ത സ്വീകരിച്ചത്. ‘ഞാന്‍ ആലിംഗനം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?’ എന്ന് ആര്‍ഡന്‍ ചോദിച്ചു. ‘ഒരിക്കലുമില്ല’ എന്ന് അലി മറുപടിയും നല്‍കി.
