ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പ് പര്യടനം നടത്തും. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മോദി പര്യടനം നടത്തുക.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബഹുജന റാലി നടത്തും. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയിലും മോദി പങ്കെടുക്കും. 2014 തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണയും ജയം ആവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
2014 ല്‍ ജമ്മു-പൂഞ്ച് ലോക്സഭാ മണ്ഡലത്തില്‍ രണ്ടരലക്ഷം വോട്ടിന് വിജയിച്ച ബി.ജെ.പി എം.പി ജുഗല്‍ കിഷോര്‍ ശര്‍മയുടെ സീറ്റ് വീണ്ടും ഉറപ്പിക്കാനാണ് നരേന്ദ്രമോദി നേരിട്ട് ജമ്മുവിലെത്തുന്നത്. ജമ്മുവിലെ അഖ്നുറിലാണ് മോദി റാലി നയിക്കുക. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഫെബ്രുവരി മൂന്നിന് മോദി ജമ്മു സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ രണ്ടാംവാരം പ്രധാനമന്ത്രി കാത്വവയിലും റാലി നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച ഒഡീഷയിലെ കോറാപത്, തെലങ്കാനയിലെ മഹബൂബ് നഗര്‍, ആന്ധ്രാ പ്രദേശിലെ കുനൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ മോദി സംസാരിക്കും.
