ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഹരീഷ് റാവത്തിന്റെ മന്ത്രിസഭ തിങ്കളാഴ്ച്ച വിശ്വാസവോട്ട് തേടാനിരിക്കെയായിരുന്നു കേന്ദ്രത്തിന്റെ ചടുല രാഷ്ട്രീയ നീക്കം. നേരത്തെ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ചാല്‍ പുറത്താക്കിയിരുന്നു. ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മോദി ശനിയാഴ്ച രാത്രി മന്ത്രിസഭാ യോഗം വിളിച്ചതിനു പിന്നാലെയായിരുന്നു സ്പീക്കര്‍ വിമതരെ പുറത്താക്കിയത്. ബിജെപി പണവും മസില്‍പവറും ഉപയോഗിച്ച് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആരോപിച്ചു. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *