ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ജനറല്‍ ലാഹോര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മൊഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്ഐ ലഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിറ്ററി ഇന്റലിജന്‍സ് ലഫ്.കേണല്‍ ഇര്ഫാന് മിര്‍സ, തീവ്രവാദ വിരുദ്ധ വിഭാഗം അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ മുഹമ്മദ് തഹിര്‍ റായ്, തീവ്രവാദ വിരുദ്ധ വിഭാഗം അന്വേഷണ ഉദ്യോഗസ്ഥന് ഷാഹിദ് തന്‍വീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാന് സംഘവുമായി ഇന്ത്യ പങ്കുവയ്ക്കും. പക്ഷേ, സാക്ഷികളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമേ സംഘത്തിനു ലഭിക്കൂ. സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ല. പത്താന്‍കോട്ടിലും അവര്‍ക്കു നിയന്ത്രണമുണ്ടാകും. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ഭീകരവിരുദ്ധ ഏജന്‍സി നേരത്തെ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു. ആക്രമണം നടന്ന പ്രദേശങ്ങളില്‍ പാക് സംഘം തെളിവെടുപ്പ് നടത്തും. ആക്രമണത്തിന്റെ പദ്ധതി പാക്കിസ്ഥാനിലാണ് രൂപപ്പെട്ടതെന്നും ജെയ്ഷ് ഇ മുഹമ്മദാണ് നേതൃത്വം നല്‍കിയതെന്നും ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയിട്ടുണ്ട്. ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സൈനികരും ആറ് ഭീകരരും ഒരു സാധാരണ പൌരവുമാണ് കൊല്ലപ്പെട്ടത്.
