പത്തനംതിട്ട: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ജില്ലയിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താന്‍ പരാജയപ്പെട്ടത്. എന്നാല്‍ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രണ്ട് മഹാദുരന്തങ്ങളില്‍ മുറിവേറ്റ പത്തനംതിട്ടക്കാരുടെ പ്രതിനിധിയായിട്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശുചിമുറിയും സ്‌കൂളും ഉദ്ഘാടനം ചെയ്യാന്‍ മാത്രമല്ല എം.പിയും എം.എല്‍.എയും ജനങ്ങള്‍ക്കു മുന്നില്‍ എത്തേണ്ടത്. പ്രതിസന്ധി നേരിടുമ്ബോള്‍ അവര്‍ക്കാെപ്പം നില്‍ക്കണം. പ്രളയത്തിന്റെ കെടുതിയില്‍ പത്തനംതിട്ടക്കാര്‍ ശ്വാസം മുട്ടിക്കഴിഞ്ഞപ്പോള്‍ എം.പിയെ കണ്ടില്ല. വീടു തകര്‍ന്നവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു കൊടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഒരെണ്ണമെങ്കിലും പ്രഖ്യാപിച്ചോ. ഒന്നും അവകാശപ്പെടാതെ സംഘപരിവാര്‍ സംഘടനയായ സേവാഭാരതി 657 വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു.
ശബരിമല വിഷയത്തില്‍ മനസ് നീറിപ്പുകഞ്ഞ് മര്‍ദ്ദനവും പീഡനവുമേറ്റ് വിശ്വാസികള്‍ എങ്ങോട്ടെന്നില്ലാതെ ഉഴറി ഓടുമ്ബോള്‍ ആ വഴിക്കെങ്ങാനും ഇവിടുത്തെ എം.പിയെ കണ്ടിരുന്നോ. എന്‍.ഡി.എ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും പരിഹസിക്കപ്പെട്ടവന്റെയും മനസുകളെയാണ്. വിശ്വാസ സംരക്ഷണത്തിന് സമരം നടത്തിയതിന് ഭരണകൂട ഭീകരത നേരിട്ടവരെയാണ്. ഭരണകൂടത്തിന് തിരിച്ചടി നല്‍കുന്നതായിരിക്കും തിരഞ്ഞെടുപ്പെന്ന് സുരേന്ദ്രന്‍ പറഞ്ഞു
